"തീന്‍മേശയിലെത്തുന്ന ഇറച്ചി എത്രത്തോളം മികച്ചതാണ്. അതോര്‍ത്ത് ആകുലപ്പെടുന്നവരുമാണ് മിക്കവരും. എങ്കില്‍ തീന്‍മേശയില്‍ എത്തുന്ന മാംസത്തെ കുറിച്ച് എല്ലാം അറിയാന്‍ കഴിഞ്ഞാലോ. അത് വളരെ ഉപയോഗപ്രദമായിരിക്കുമല്ലേ. എന്നാല്‍ അത്തരമൊരു നീക്കത്തിന് വിത്ത് പാകിയിരിക്കുകയാണ് ഫ്രാന്‍സ് ആസ്ഥാനമായുള്ള കാരഫോര്‍ എസ്എ എന്ന കമ്പനി. സാങ്കേതികവിദ്യയുടെ സഹായത്തില്‍ തങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന ഓരോ കോഴികളുടേയും ജീവിതം അവര്‍ പറഞ്ഞു തരും.
അതെങ്ങനെ എന്നല്ലേ. കാരഫോര്‍ എസ്എ വിപണിയിലെത്തിക്കുന്ന ഓരോ കോഴിക്കുമൊപ്പവും ലേബലുണ്ടാകും. ഇത് സ്മാര്‍ട് ഫോണുപയോഗിച്ച് സ്‌കാന്‍ ചെയ്താല്‍ കോഴിയുടെ ജനനവും ഇതുവരെയുള്ള ജീവിതവുമെല്ലാം തെളിഞ്ഞുവരും. ബ്ലോക് ചെയിന്‍ സാങ്കേതിക വിദ്യയാണ് ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സുരക്ഷിതമായ ഭക്ഷണമാണ് മുന്നിലെത്തുന്നത് എന്നതിന്റെ തെളിവായി ഈ വിവരങ്ങള്‍ മാറുമെന്നാണ് കമ്പനികള്‍ കരുതുന്നത്. നെസ്ലെ, യുനിലിവര്‍, ടൈസണ്‍ ഫുഡ്സ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഈ സാങ്കേതികവിദ്യ പിന്തുടരാന്‍ ശ്രമങ്ങളാരംഭിച്ചു കഴിഞ്ഞു.
സാധാരണ ഡേറ്റാ ബേസുകളില്‍ മാറ്റം വരുത്തുന്നത് ഒരു കേന്ദ്രത്തില്‍ നിന്നാണെങ്കില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യയില്‍ നിരവധി കേന്ദ്രങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ചേര്‍ക്കുന്നത്. ഇത്തരത്തില്‍ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ ഒന്നുചേര്‍ന്നാണ് ഉപഭോക്താവിന് മുന്നിലെത്തുന്നത്. എന്നാല്‍ ഈ വിവരങ്ങള്‍ രേഖപ്പെടുത്തുന്നയാള്‍ക്ക് മാറ്റങ്ങള്‍ വരുത്താനും കഴിയും. സുരക്ഷിതമായ ചിക്കനെന്ന പേരില്‍ അവതരിപ്പക്കാന്‍ ബ്ലോക്ക് സാങ്കേതികവിദ്യയെ കൂട്ടുപിടിക്കുന്ന കച്ചവട തന്ത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്."
Malayalam tech for you
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ